വിനായകാഷ്ടകം

നമദ്ദേവവൃന്ദം ലസദ്വേദകന്ദം

ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം

ബൃഹച്ചാരുശുണ്ഡം സ്തുതശ്രീസനന്ദം

ജടാഹീന്ദ്രകുന്ദം ഭജേഽഭീഷ്ടസന്ദം. 

 

വണങ്ങി നിൽക്കുന്ന ദേവസമൂഹത്തോടുകൂടിയവനും വേദങ്ങളിൽ പ്രകാശിക്കുന്നവനും ചന്ദ്രനെ തലയിൽ അണിഞ്ഞിരിക്കുന്നവനും ലക്ഷ്മീസമേതനായ വിഷ്ണുവിനാൽ ഭജിക്കപ്പെടുന്നവനും തടിച്ചു മനോഹരമായ തുമ്പിക്കൈ ഉള്ളവനും മുനിമാരാൽ സ്തുതിക്കപ്പെടുന്നവനും ജഡയിൽ വാസുകിയെ മുല്ലമാലയായി അണിഞ്ഞിരിക്കുന്നവനും ഭക്തന്മാരുടെ അഭീഷ്ടങ്ങൾ വേണ്ടപോലെ നൽകി അനുഗ്രഹിക്കുന്നവനുമായ വിനായകനെ ഞാൻ ഉപാസിക്കുന്നു.

 

കിലദ്ദേവഗോത്രം കനദ്ധേമഗാത്രം

സദാനന്ദമാത്രം മഹാഭക്തമിത്രം

ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം

സമസ്താർത്തിദാത്രം ഭജേ ശക്തിപുത്രം. 

 

ലീലാമയമായ ജീവിതംനയിക്കുന്ന ദേവവംശത്തിൽ ജനിച്ചവനും സ്വർണ്ണംപോലെയുള്ള ശരീരത്തോട് കൂടിയവനും എല്ലായിപ്പോഴും ആനന്ദസ്വരൂപനായി കഴിയുന്നവനും ഭക്തന്മാരുടെ സുഹൃത്തും ശരത്കാല ചന്ദ്രമുഖത്തോടു കൂടിയവനും വേദങ്ങൾക്കു വാസസ്ഥാനം ആയിട്ടുള്ളവനും ദുഖങ്ങൾക്ക്‌ അരിവാളായി വർത്തിക്കുന്നവനും പാർവതിയുടെ മകനായിട്ടുള്ളവനുമായ വിനായകനെ ഭജിക്കുന്നു.

 

ഗളദ്ദാനമാലം ചലദ്ഭോഗിമാലം

ഗളാമ്ഭോദകാലം സദാ ദാനശീലം

സുരാരാതികാലം മഹേശാത്മബാലം

ലസത്പുണ്ഡ്രഫാലം ഭജേ ലോകമൂലം.  

 

ഒഴുകുന്ന മദജലധാരയോട് കൂടിയവനും സർപ്പമാല അണിഞ്ഞിട്ടുള്ളവനും ഗളാമ്ഭോദകാലം -കഴുത്തിൽ കറുത്തനിറത്തോടു കൂടിയവനും ഇപ്പോഴും ഭക്തന്റെ ഇഷ്ട്ടങ്ങൾ നൽകുക ശീലമുള്ളവനും ദേവശത്രുക്കളായ അസുരൻമ്മാർക്ക് കാലനായിട്ടുള്ളവനും, പരമശിവന്റെ പ്രിയപുത്രനും ത്രിശാഖമായ ഭസ്മകുറിയുള്ള നെറ്റിയോട് കൂടിയവനും ജഗത്തിനു ആദികാരണവുമായ വിനായകനെ ഞാൻ ഭജിക്കുന്നു.

 

ഉരസ്താരഹാരം ശരച്ചന്ദ്രഹീരം

സുരശ്രീവിചാരം ഹൃതാർത്താരിഭാരം

കടേ ദാനപൂരം ജടാഭോഗിപൂരം

ചലച്ചാരുശുണ്ഡം ഭജേ ദന്തിതുണ്ഡം.

കലാബിന്ദുതാരം ഭജേ ശൈവവീരം. 

 

മാറിടത്തിൽ മുത്തുമാല അണിഞ്ഞിട്ടുള്ളവനും. ചന്ദ്രക്കലയെ ശിരോഭൂഷണം ആക്കിയിട്ടുള്ളവനും, ദേവൻമ്മാരുടെ ഐശ്വര്യത്തിൽ സാദാ തല്പരനും, ആർത്തൻമ്മാരുടെ ശത്രുഭാരം ഒഴിച്ച് മാറ്റുന്നവനും, കവിൾത്തടത്തിൽ മദജലം ഒഴിക്കികൊണ്ടിരിക്കുന്നവനും, ജടകെട്ടിൽ സർപ്പങ്ങളെ അണിഞ്ഞിട്ടുള്ളവനും, കലാബിന്ദുക്കളോടുകൂടിയ ഓംകാരം പ്രതീകമായിട്ടുള്ളവനും, വീരനായിട്ടുള്ളവനും ആയ വിനായകനെ ഞാൻ ഭജിക്കുന്നു

 

കരാരൂഢമോക്ഷം വിപദ്ഭങ്ഗദക്ഷം

ചലത്സാരസാക്ഷം പരാശക്തിപക്ഷം

ശ്രിതാമർത്ത്യവൃക്ഷം സുരാരിദ്രുതക്ഷം

പരാനന്ദപക്ഷം ഭജേ ശ്രീശിവാക്ഷം. 

 

ഉള്ളം കയ്യിൽ സൂക്ഷിച്ചിരിക്കുന്ന മോക്ഷത്തോട് കൂടിയവനും, ആപത്തുകളെ ഒഴിച്ചുമാറ്റുന്നതിൽ സമർത്ഥനും, ഇളകുന്ന താമരയിതൾ പോലെ കണ്ണുകളോടുകൂടിയവനും, പരാശക്തിയെ സഹായിക്കുന്നവനും, ആശ്രിതർക്ക് കല്പവൃക്ഷമായി വിളങ്ങുന്നവനും, അസുരവൃക്ഷത്തിനു തച്ചനായിട്ടുള്ളവനും, ഞങ്ങൾക്ക് അരിവാളായിട്ടു വർത്തിക്കുന്നവനും, പാർവതിയുടെ മകനായിട്ടു ഉള്ളവനുമായ വിനായകനെ ഭജിക്കുന്നു.

 

സദാശം സുരേശം സദാ പാതുമീശം

നിദാനോദ്ഭവം ശാങ്കരപ്രേമകോശം

ധൃതശ്രീനിശേശം ലസദ്ദന്തകോശം

ചലച്ഛൂലപാശം ഭജേ കൃത്തപാശം. 

 

സാദാ മംഗളസ്വരൂപിയും ദേവന്മാരുടെ പ്രഭുവും സാദാ രക്ഷചെയ്യാൻ കരുത്തനും ആദികാരണമായി ഭവിച്ചവനും ശിവന്റെ പ്രേമത്തിനിരിപ്പിടവും ശോഭയുള്ള ചന്ദ്രനെ ശിരസ്സിൽ അണിഞ്ഞിരിക്കുന്നവനും, പ്രകാശിക്കുന്ന കൊമ്പുകളോടുകൂടിയവനും, ഇളകുന്ന ശൂലം, പാശം, എന്നിവ കയ്യിൽ ധരിച്ചവനും, ഭക്തന്മാരുടെ കർമ്മപാശം ഛേദിച്ചു കളയുന്നവനുമായ വിനായകനെ ഞാൻ ഭജിക്കുന്നു.

 

തതാനേകസന്തം സദാ ദാനവന്തം

ബുധശ്രീകരന്തം ഗജാസ്യം വിഭാന്തം

കരാത്മീയദന്തം ത്രിലോകൈകവൃന്തം

സുമന്ദം പരന്തം ഭജേഽഹം ഭവന്തം. 

 

സർവത്ര അനേകരൂപം കൈക്കൊണ്ടു വിളങ്ങുന്നവനും എല്ലായിപ്പോഴും മദനജലം ഒഴുക്കിക്കൊണ്ടിരിക്കുന്നവനും, അഥവാ ഭക്തൻമാർക്കു എല്ലായ്‌പ്പോഴും അഭീഷ്ടങ്ങൾ ദാനംചെയ്തുകൊണ്ടിരിക്കുന്നവനും ജ്ഞാനികളായ സത്തുക്കൾക്കു ഐശ്വര്യം അരുളുന്നവനും, ഗജമുഖനെന്നു പ്രസിദ്ധി പെറ്റവനും, വിവിധരൂപം കൈക്കൊണ്ടു വിളങ്ങുന്നവനും, ഒടിഞ്ഞു പോയ തന്റെതന്നെ കൊമ്പ് കയ്യിൽ ധരിച്ചിരിക്കുന്നവനും, മൂന്നുലോകങ്ങൾക്കും ഞെട്ടായി അഥവാ പരമ കാരണമായി സ്ഥിതി ചെയ്യുന്നവനും, പതുക്കെ പതുക്കെ സഞ്ചരിക്കുന്നവനും, ലോകത്തിനുമുഴുവൻ അപ്പുറം നിൽക്കുന്ന വേദാന്ത പ്രസിദ്ധമായ ബ്രഹ്മ്മായി വിളങ്ങുന്നവനും ആയ അങ്ങയെ ഞാൻ ഭജിക്കുന്നു.

 

ശിവപ്രേമപിണ്ഡം പരം സ്വർണ്ണവർണ്ണം

ലസദ്ദന്തഖണ്ഡം സദാനന്ദപൂർണ്ണം

വിവർണ്ണപ്രഭാസ്യം ധൃതസ്വർണ്ണഭാണ്ഡം

 ചലച്ചാരുശുണ്ഡം ഭജേ ദന്തിതുണ്ഡം.

 

ശിവന്റെ സ്നേഹം ശരീരം കൈക്കൊണ്ടിരിക്കുന്നവനും, മായാതീതനും, സ്വർണ്ണത്തിന്റെ തിളക്കത്തോട് കൂടിയവനും, പ്രകാശിക്കുന്ന മുറിഞ്ഞ കൊമ്പോട് കൂടിയവനും, സാദാ ബ്രഹ്മാനന്ദത്തിൽ മുഴുകി ഇരിക്കുന്നവനും, വിശേഷപ്പെട്ട നിറത്തിൽ കാന്തി കലർന്ന മുഖത്തോടു കൂടിയവനും, തുമ്പിക്കയ്യിൽ പൊൻ കലശം ധരിച്ചിരിക്കുന്നവനും ഇളകുന്ന മനോഹരമായ തുമ്പിക്കൈ ഉള്ളവനും, ആനയുടെ മുഖം ഉള്ളവനുമായ വിനായകനെ ഞാൻ ഭജിക്കുന്നു.